പ്രയാണം
സമയം രാവിലെ എട്ടിനോട് അടുക്കുകയാണ്, ഏഴു ശ്വേതാശ്വങ്ങളെ പൂട്ടിയ രഥത്തിൽ ആഗമിക്കുന്ന അർക്കനോടൊപ്പം ഏവരും അവരുടെ സ്വന്തം ദിനചര്യകളിലേക്ക് കടക്കുന്നു. ലോകത്തിൽ വച്ചേറ്റവും പഴക്കം ചെന്ന ഹൈന്ദവ സംസ്കാരത്തിൻ്റെ അടിസ്ഥാന നഗരമായ, ആധുനികതയുടെ ഉരുക്കുമുഷ്ടിക്കു മുന്നിൽ ഒരു വെല്ലുവിളി എന്ന പോലെ ജീവൻ തുടിക്കുന്ന കാശിയിലും സ്ഥിതി വ്യത്യസ്തമല്ല. അന്നത്തിനായുള്ള ഞാണിന്മേൽ കളിയിൽ ഏർപ്പെട്ടിരിക്കുന്നവർ തന്നെയാണ് ഇവിടുത്തെയും മനുഷ്യർ.
കൈവണ്ടിക്കാരെയും കുതിരവണ്ടിക്കാരെയും കടന്ന് ഞാനും എൻ്റെ ചെറുസംഘവും മുന്നോട്ടുള്ള നടത്തം തുടർന്നു.സൂര്യപ്രകാശം ഒരുവിധം നന്നായി പരന്നിട്ടുണ്ടെങ്കിൽ കൂടിയും ഒരു പുക പോലെ മഞ്ഞിൻ്റെ ആവരണം അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ട്. എൻ്റെ ഭാര്യയും, മകനും, അഞ്ചു സുഹൃത്തുക്കളും ആണ് സംഘാംഗങ്ങൾ. ഭാര്യയാകട്ടെ ഒരു തളർച്ചയോടെയാണ് എന്നോടൊപ്പം നടക്കുന്നത്. അതിരാവിലെ ആണ് ഞങ്ങൾ താമസസ്ഥലത്തു നിന്നും പുറപ്പെട്ടത്, അതിൻ്റെ ക്ഷീണമാകണം അവൾക്ക്. ഔദ്യോഗിക ജീവിതത്തിനു ശേഷം, വിശ്രമകാലമത്രയും കാശിയിൽ ചെലവഴിക്കണം എന്നത് എൻ്റെ ചിരകാലാഭിലാഷം ആയിരുന്നു. എനിക്കൊപ്പം വരാൻ എൻ്റെ ഭാര്യയും തയ്യാറായി. അങ്ങനെയാണ് മൂന്നു വർഷങ്ങൾക്കു മുൻപ്, ഈ മഹാനഗരത്തിൽ ഞങ്ങൾ എത്തിയത്.
അനേകം ചെറുവാഹനങ്ങൾ ഞങ്ങളെ കടന്നു പോയി. എൻ്റെ മുന്നിലായി നടന്നിരുന്നത് എൻ്റെ മകനാണ്, എപ്പോഴുമുള്ളതു പോലെ ഉറച്ച കാലടികളോടെ അല്ല അവൻ നടക്കുന്നത്, കുറച്ചു ഉദാസീനതയോടെ മന്ദഗതിയിൽ ആണ് നടത്തം. ദോഷം പറയരുതല്ലോ, ഇന്ന് രാവിലെയാണ് അവൻ ഞങ്ങൾ താമസിക്കുന്ന വീട്ടിൽ എത്തിയത്. കുറച്ചു സമയം പോലും അമാന്തിക്കാതെ എനിക്ക് വേണ്ടി അവൻ ഈ യാത്രയ്ക്ക് മുതിരുകയായിരുന്നു. ഞങ്ങൾ കാശിയിലേക്കു കുടിയേറുന്നതിനും രണ്ടു മാസം മുൻപാണ് അവൻ മുംബൈയിൽ ജോലി ലഭിച്ചു പോയത്. നാട്ടിൽ ഏവർക്കും പ്രിയപ്പെട്ട അധ്യാപകദമ്പതികൾ ആയിരുന്നു ഞങ്ങൾ. സഹായത്തിനു സന്നദ്ധരായി നാട്ടുകാർ ഉണ്ടാകുമായിരുന്നെങ്കിലും ഈ പാവനനഗരം എന്നെ ആകർഷിക്കുകയായിരുന്നു. ഞങ്ങളുടെ മകനിപ്പോഴും അവിവാഹിതനാണ്. മുംബൈ പോലെ അതിവേഗം വളരുന്ന ഒരു നഗരത്തിൽ പല രാത്രിജീവികളെയും പോലെ വിയർത്തും വലഞ്ഞും ജോലിയിൽ മാത്രം മുഴുകി കഴിയുകയാണ് അവനും. നാട്ടിലെ തറവാടാകട്ടെ അനാഥമായി കിടക്കുന്നു. മകൻ്റെ വിവാഹം ഇനിയും ബാക്കി നിൽക്കുന്നതിനാൽ ആഗ്രഹങ്ങൾ എല്ലാം പൂർത്തിയാക്കി സർവവും ത്യജിച്ചു കാശിയിലേക്കു വന്നവരുടെ പട്ടികയിൽ ഞാനും എൻ്റെ നല്ലപാതിയും ഇടം പിടിക്കുന്നില്ല. റോഡിൻ്റെ ഇരുവശത്തുമായി പഴമ വിളിച്ചോതുന്ന അനേകം കെട്ടിടങ്ങൾക്കു ഇടയിലൂടെ മുൻപത്തേക്കാൾ ശക്തമായി സൂര്യപ്രകാശം കടന്നുവന്നു. ഇപ്പോൾ ചെറിയൊരു തണുപ്പുണ്ടെങ്കിലും അന്തരീക്ഷത്തിലെ പുകമറ ഏതാണ്ട് അപ്രത്യക്ഷമായി കഴിഞ്ഞിരിക്കുന്നു.
റോഡിൻ്റെ ഏതാണ്ട് നടുക്കായി അടുക്കി വച്ചിരിക്കുന്ന നാല് പോലീസ് ബാരിക്കേഡുകൾ ആണ് അടുത്തതായി ഞങ്ങളെ വരവേറ്റത്. ലാത്തികളും കൈയ്യിൽ പിടിച്ചു തീവ്രതയോടെ ഞങ്ങളെ നോക്കിക്കൊണ്ടു ബാരിക്കേഡുകളുടെ മറുവശത്തു പോലീസുകാർ നിൽക്കുന്നു. എങ്ങോട്ടാണെന്നും എന്തിനാണെന്നും തുടങ്ങി അനേകം ചോദ്യശരങ്ങൾ അവർ ഞങ്ങൾക്ക് നേരെ തൊടുത്തു. എൻ്റെ സുഹൃത്തുക്കളിൽ ഒരാളായ രമേശൻ തൻ്റെ പോക്കറ്റിൽ നിന്നും ഒരു ഐഡി കാർഡ് എടുത്തു അവർക്കു നേരെ നീട്ടി, യാത്രയുടെ ഉദ്ദേശവും പറഞ്ഞു. ഞങ്ങളെ ആകമാനം ഒരിക്കൽ കൂടി നോക്കിയ ശേഷം ഞങ്ങൾക്ക് കടന്നു പോകാനായി നടുവിലെ രണ്ടു ബാരിക്കേഡുകൾ അവർ ഇരുവശത്തേക്കും മാറ്റി. അടുത്ത ജന്മത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടിയ ഒരു പ്രതീതിയോടെ ഞങ്ങൾ അപ്പുറം കടന്നു. ഇപ്പോൾ ഭക്ഷണശാലകൾ എല്ലാം തുറന്നു കഴിഞ്ഞിരിക്കുന്നു, അതിനു മുന്നിലുള്ള ബെഞ്ചുകളിലായി നാലും അഞ്ചും പേർ ഒന്നിച്ചിരുന്നു അവരുടെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ്. തിരക്കിട്ടു പായുന്ന ജനസാഗരത്തിനു നടുവിൽ തങ്ങളുടേത് മാത്രമായ ഒരു ലോകത്തു കഴിയുകയാണ് ആ ഭാഗ്യവാന്മാർ.
ഗംഗാനദിയിലേക്ക് നയിക്കുന്ന ഒരു ഇടവഴിയിലേക്ക് ഞങ്ങൾ നടന്നു. വഴിയുടെ ഒരുവശത്തു എനിക്കൊപ്പം പ്രായം ചെന്ന ഒരാൾ, അയാളുടെ പീടികയ്ക്കകത്തു നിന്നും സാധനങ്ങൾ ഓരോന്നായി പുറത്തേയ്ക്ക് എടുത്തു വയ്ക്കുന്നുണ്ട്. ശംഖുകൾ, ശിവലിംഗങ്ങൾ, ഡമരുകൾ, ഛായാചിത്രങ്ങൾ അങ്ങനെ പലതും അവയിൽ ഉൾപ്പെടും. മുഷിഞ്ഞ തുണിയുടെ ഒരറ്റം കൊണ്ട് ചിത്രങ്ങളിലെ പൊടി അയാൾ തട്ടിമാറ്റി, എന്നിട്ട് പ്രതീക്ഷയോടെ ഞങ്ങളെ നോക്കി. നിൽക്കാതെ മുന്നോട്ട് നടന്ന ഞങ്ങൾ അയാളുടെ മനസ്സിലെ പ്രതീക്ഷയെ തല്ലിക്കെടുത്തിയിരിക്കണം. ഒരു വഴിയിൽ നിന്ന് മറ്റൊന്നിലേക്ക് ഞങ്ങൾ നടന്നുകൊണ്ടിരുന്നു. ഓരോ വളവിലും അമ്പലങ്ങൾ, എല്ലായിടത്തും ശിവലിംഗങ്ങൾ ആണ്. ചിലർ മഞ്ഞയും, വെള്ളയും പൂക്കൾ കൊണ്ട് ശിവലിംഗങ്ങൾക്കു അർച്ചന ചെയ്യുകയാണ്. ഗംഗാതീരത്തേയ്ക്ക് എത്തുമ്പോൾ ഒരു അഗ്നിനാളമായി എരിയുന്ന സൂര്യനാണ് ഞങ്ങളെ എതിരേറ്റത്. അനേകം ഘട്ടുകൾ നിറഞ്ഞ ഗംഗാനദിക്കരയിൽ പടിക്കെട്ടുകൾക്ക് കീഴെ സ്നാനത്തിൽ ഏർപ്പെട്ടിരിക്കുകയാണ് ചിലർ. അതിൽ കുറച്ചുപേർ, കൈക്കുമ്പിളിൽ ജലം ശേഖരിച്ച ശേഷം, സൂര്യന് നേർക്ക് ആ ജലകണങ്ങളെ സമർപ്പിക്കുന്നു. കാശിയെന്നാൽ പുറമേയുള്ളവർക്ക് അഘോരികളും, കാഷായവസ്ത്രധാരികളും, രുദ്രാക്ഷധാരികളായ സാധുക്കളും, എരിയുന്ന ചിതകളുമാകും ഓർമ്മ വരിക. അതിൽ അതിശയവുമില്ല. ഗംഗാതീരത്തു ധ്യാനത്തിൽ മുഴുകിയിരിക്കുന്ന യോഗിവര്യന്മാർ അനവധിയാണ്, അഘോരികളാകട്ടെ ഗംഗയ്ക്ക് മറുകരയാണത്രെ വാസം. ഞാൻ ഇങ്ങനെ ആലോചനയിൽ ലയിച്ചു വരവേ, വിശ്വനാഥക്ഷേത്രത്തിലെ പൂജാരികൾ ചെറുകുംഭങ്ങളുമേന്തി ഞങ്ങളെ കടന്നു പോയി.
ഗംഗാനദിയിൽ അങ്ങോളമിങ്ങോളം നിറയെ വഞ്ചികളുണ്ട്, നാല് പേർക്ക് സഞ്ചരിക്കാനാവുന്ന ചെറിയ വഞ്ചികൾ തുടങ്ങി ഒരേ സമയം ഇരുപതോളം പേരെ വരെ വഹിക്കാനാകുന്ന വലിയ തോണികളും അതിൽ ഉൾപ്പെടും. അവയുടെ നിയന്ത്രണം കൈയ്യിൽ ഉള്ളവർ ആകട്ടെ ഒട്ടനേകം യാത്രക്കാരുമായി നീങ്ങിക്കൊണ്ടിരിക്കുന്നു. രാവിലെ തുടങ്ങിയാൽ വൈകീട്ട് ഗംഗ ആരതി വരെ നീളുന്നതാണ് മിക്കവാറുമുള്ള വഞ്ചിയാത്രകൾ. സ്നാനഘട്ടങ്ങളിൽ ചിലതിൽ ശിവലിംഗങ്ങൾ നിലത്തു ഉറപ്പിച്ചു വച്ചിരിക്കുകയാണ്. സ്നാനം ചെയ്തു മടങ്ങുന്നവർ കുറച്ചു ഗംഗാജലം ആ ശിവലിംഗങ്ങളിലേക്കും അഭിഷേകം ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് സമീപമുള്ള മണ്ഡപത്തിൽ ശയിച്ചിരുന്ന ഭസ്മലേപിതനായ, രുദ്രാക്ഷധാരിയായ ഒരു വൃദ്ധയോഗിയിലാണ് എൻ്റെ മകൻ്റെ ശ്രദ്ധ, ഭാര്യയാകട്ടെ ഗംഗാതീരത്തു കൂടെ കടന്നു പോകുന്ന സ്ത്രീകളെ ഭാവഭേദമില്ലാതെ നോക്കുകയാണ്. ഞാനും എൻ്റെ സുഹൃത്തുക്കളും മറ്റൊന്നിലേക്കും ശ്രദ്ധ തിരിക്കാതെ നടത്തം തുടർന്നു.ദശാശ്വമേധഘട്ടിലേയ്ക്ക് എത്തിയപ്പോൾ ഒരു കൂട്ടം പക്ഷികളുടെ ചിറകടിയൊച്ച ഉയർന്നു. സൂര്യൻ്റെ തീവ്രരശ്മികൾ തെല്ലും ബാധിക്കാത്ത മട്ടിൽ ആകാശത്തെ രണ്ടായി കീറിമുറിച്ചുകൊണ്ടു അവർ പറന്നകന്നു. ഗംഗാതീരത്തെ ചെറുമണ്ഡപങ്ങളിലായി വിദേശികൾ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും വെളുത്ത വസ്ത്രം ധരിച്ചു, നെറുകയിൽ ഭസ്മം തൊട്ട്, പത്മാസനത്തിൽ ധ്യാനനിരതരായി ഇരിക്കുകയാണ്. ഞങ്ങളുടെ ലക്ഷ്യം മണികർണികാഘട്ട് ആണ്. സർവവും ദഹിപ്പിക്കുന്ന അഗ്നിയുടെ ആവാസകേന്ദ്രമായ മണികർണികാഘട്ട്.
എൻ്റെ കൂട്ടാളികളുടെ ഊർജ്ജമേറി. മണികർണികാഘട്ടിലേയ്ക്ക് എത്തുമ്പോൾ ഞങ്ങളെ വരവേറ്റത് ഒട്ടനേകം ത്രിശൂലങ്ങൾ ആയിരുന്നു. എല്ലാം ഇരുമ്പിൽ തീർത്തവ. ചിലതിൽ മഞ്ഞ നിറത്തിലുള്ള പൂമാലകൾ ഇട്ടിരിക്കുന്നു. ഇതിനു മുൻപ് ഒരു സായാഹ്നസവാരിക്കിടയിൽ, പിതൃക്കൾക്കായുള്ള ബലിതർപ്പണ മണ്ഡപത്തിനു സമീപത്തെ ഇടനാഴിയിലൂടെ ചിതകളെരിയുന്നത് കണ്ടിട്ടുണ്ടെന്നല്ലാതെ മണികർണികയുടെ ഉള്ളറകളിലേക്ക് ഇതാദ്യമായാണ്. കൈവണ്ടികളിലും, സൈക്കിളുകളിലുമായി, ധാരാളം മരത്തടികൾ കൊണ്ടുപോകുന്നവരെ ഞാൻ കണ്ടു. മൃതദേഹങ്ങൾ ദഹിപ്പിക്കാനായാണ് അവയെല്ലാം. അങ്ങനെ എത്തിക്കുന്ന മരത്തടികളൊക്കെ മണികർണികാഘട്ടിൻ്റെ ഇരുവശത്തുമുള്ള ഇരുണ്ട സമുച്ചയങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നു. കുറച്ചു കൂടി മുന്നോട്ടു പോയപ്പോൾ, ചുവന്ന പട്ടുതുണി കൊണ്ട് മൂടിയ ഒരു മൃതദേഹവുമേന്തി, നാലുപേർ ഞങ്ങളെ തട്ടിമാറ്റി കടന്നു പോയി. കാശിയിൽ വച്ച് മരിക്കുകയാണെങ്കിൽ മോക്ഷപ്രാപ്തിയുണ്ടാകും എന്നാണ് വിശ്വാസം. മരിക്കാൻ കഴിഞ്ഞില്ലെങ്കിലും, മരണാനന്തരകർമ്മങ്ങൾ എങ്കിലും ഇവിടെ നടത്തുന്നത് മഹാഭാഗ്യമായി കാണുന്ന അനേകംപേർ ഭാരതത്തിലുണ്ട്. മരിക്കാനായി ഇവിടെ വന്നു ശിഷ്ടകാലം കഴിയുന്നവർ ഒത്തിരിയാണ്, എന്നാൽ യാത്രയുടെ ഭാഗമായി ഇവിടെ എത്തി യാദൃശ്ചികമായി മരണമടയുന്നവരും വിരളമല്ല. മുന്നിലായി പല ഭാഗത്തു നിന്നും പുക ഉയരുന്നു, ചിതകൾ കത്തുന്നു. അസുരനിഗ്രഹത്തിനായി ഒരുങ്ങി നിൽക്കുന്ന ആദിശക്തിയെ പോലെ മനുഷ്യനിലെ ആസുരതയേയും, പഞ്ചഭൂതങ്ങളാൽ നിർമ്മിക്കപ്പെട്ട ശരീരത്തെയും ദഹിപ്പിക്കുന്നവൾ ആണ് എൻ്റെ മുന്നിലെ ഈ മണികർണിക.
\
ഞങ്ങൾക്ക് ചുറ്റും ആൾക്കാരുടെ എണ്ണം കൂടി വരികയാണ്. ശവമഞ്ചങ്ങളുമായി ചിലർ അകത്തേയ്ക്ക് പ്രവേശിക്കുമ്പോൾ, കർമ്മങ്ങൾക്ക് ശേഷം മറ്റു ചിലർ പുറത്തേയ്ക്ക് ഇറങ്ങുന്നു; തടഞ്ഞു നിർത്താനാകാത്ത ഗംഗാപ്രവാഹം പോലെ. ഒന്നിന് മേലെ മറ്റൊന്നായി അടുക്കി വച്ച് കത്തിക്കുന്ന ശവങ്ങളെ നീളമുള്ള ഒരു ഇരുമ്പുദണ്ഡു കൊണ്ട് മറിച്ചിടുകയായിരുന്ന വൃദ്ധനെ രണ്ടു യുവാക്കൾ വളഞ്ഞിട്ടുണ്ട്. ഒരു ഡോക്യുമെൻ്റെറി ആണ് അവരുടെ ഉദ്ദേശം. കാശിയെ കുറിച്ച് തിരിച്ചും മറിച്ചും ചോദിച്ചുകൊണ്ട് അവർ ആ വയോധികനെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അദ്ദേഹമാകട്ടെ പ്രായം തളർത്താത്ത ചുറുചുറുക്കോടെ തൻ്റെ ഓർമ്മയിൽ നിന്നും പല അനുഭവങ്ങളും അവരുമായി പങ്കുവയ്ക്കുന്നു. അവരുടെ സംസാരത്തിൽ നിന്നും ഇടയ്ക്കിടെ ഉതിർന്നുവീഴുന്ന ഇംഗ്ലീഷ് പദങ്ങൾ ആ വൃദ്ധനെ കുഴപ്പിക്കുന്നുണ്ടെങ്കിലും ഒരുതരം ഭയപ്പെടുത്തുന്ന ശാന്തതയോടെ അയാൾ പറഞ്ഞുകൊണ്ടേയിരുന്നു. കത്തുന്ന ചിതകൾക്കരികിലേക്ക് നിന്ന മകനെ വിലക്കാൻ തുനിഞ്ഞപ്പോഴാണ് ഒരു വൃദ്ധയുടെ അന്ത്യകർമ്മങ്ങൾ ചിരിയോടെ വീഡിയോയിൽ പകർത്തുന്ന യുവാവിനെ കണ്ടത്. മഹാഭാരതത്തിലെ ഒരു ഭാഗമാണ് മനസ്സിലേക്ക് എത്തിയത്. യുധിഷ്ഠിരനും, ധർമ്മരാജാവായ യമനും തമ്മിലുള്ള സംവാദത്തിനിടെ, ഏറ്റവും ആശ്ചര്യപ്പെടുത്തുന്ന വസ്തുത എന്താണെന്ന് ധർമ്മരാജൻ ചോദിക്കുമ്പോൾ, ഓരോ ദിവസവും അനേകം പേർ മരണമടയുന്നത് കണ്ടിട്ടും മരണത്തിനും അതീതാരാണെന്നു കരുതി ജീവിക്കുന്ന മനുഷ്യരാണ് എന്ന് യുധിഷ്ഠിരൻ പറയുന്നു. ഈ യുവാവും അപ്രകാരം തന്നെ അല്ലേ? വർഷങ്ങൾക്കു ശേഷം, ഇതുപോലെ ഒരു ശ്മശാനത്തിൽ എരിഞ്ഞു തീരേണ്ടതാണ് താനുമെന്ന് എന്തുകൊണ്ടാകും അവൻ ചിന്തിക്കാത്തത്?
ഒരു മൃതദേഹം ദഹിപ്പിക്കുമ്പോൾ ആദ്യം കാലിലെ എല്ലാണ് പൊട്ടുക. പിന്നെ കൈകളും, കഴുത്തും, മറ്റു ശരീരഭാഗങ്ങളും എരിഞ്ഞടങ്ങും. ഏറ്റവും ഒടുവിലാണ് തലയോട്ടി ഉടയുക. അത് സംഭവിച്ചു കഴിഞ്ഞാൽ മൃതദേഹം ദഹിപ്പിക്കുന്നയാൾ ഒരു ഇരുമ്പുദണ്ഡു കൊണ്ട് അഞ്ചു തവണ ആ മൃതദേഹത്തിൽ തട്ടുകയും, അതിനു ശേഷം എരിയാതെ അവശേഷിക്കുന്നതെന്തോ അതിനെ ഗംഗയിലേക്ക് മറിച്ചിടുകയും ചെയ്യും. ഇതാണ് കാശിയിലെ രീതി. കാശിയിൽ ദഹിപ്പിക്കുന്ന മൃതദേഹങ്ങളിൽ നിന്നും അവശേഷിക്കുന്ന ചാരം ഭഗവാൻ വിശ്വനാഥൻ ദിനവും പ്രഭാതത്തിൽ തൻ്റെ ശരീരത്തിൽ അണിയുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം. ഗംഗയിൽ കൂടി സഞ്ചരിക്കുന്ന ബോട്ടുകളിൽ ഒന്ന് മണികർണികാഘട്ടിന് സമീപം നിർത്തുകയാണ്. പാശ്ചാത്യരാജ്യങ്ങളിൽ ഇങ്ങനെ ഒരു കാഴ്ച്ച നിത്യസംഭവം അല്ലല്ലോ, അതുകൊണ്ടു തന്നെ അതിനുള്ളിൽ ഉണ്ടായിരുന്ന ഏഴോളം വിദേശികൾ അത്ഭുതത്തോടെ കണ്ണിമ ചിമ്മാതെ ചിതകളിലേക്ക് നോക്കിയിരിക്കുകയാണ്. അവരുടെ കൗതുകമാർന്ന കണ്ണുകളിൽ നിന്നും വേർപ്പെട്ട എൻ്റെ ദൃഷ്ടി അടുത്തതായി പതിഞ്ഞത് ഗംഗയ്ക്കു നടുവിൽ ഉണ്ടായിരുന്ന ഒരു മണൽത്തിട്ടയിൽ ആണ്, അവിടെ മൂന്നോ നാലോ നായ്ക്കൾ നിൽക്കുന്നുണ്ട്. അവർക്കിടയിലായി തലയോട്ടികളും, അസ്ഥികളും അടിഞ്ഞു കിടക്കുന്നു. ഗംഗയിലൂടെ ഒഴുകുന്ന അപൂർവം ചില മൃതദേഹങ്ങൾ മാത്രമാണ് അഘോരികൾ ഏറ്റെടുക്കുക. അവരെ കാണുന്ന ക്ഷണം ഉണ്ടാകുന്ന ഭീതി അവരുടെ സ്വഭാവത്തിൽ ഉണ്ടാവുകയില്ല. സ്വതവേ ശാന്തരാണ് അവർ. ഘോരം എന്നാൽ ഭീകരം , അഘോരം എന്നാൽ ഭീകരം അല്ലാത്തത്. യാദൃശ്ചികമായി താൻ ഒരു അഘോരിയെ കണ്ടുമുട്ടിയതും, തന്നെ കണ്ടപാടെ ദാഹിക്കുന്നുണ്ടോ എന്ന് ചോദിച്ചുകൊണ്ട് മനുഷ്യൻ്റെ തലയോട്ടിയിൽ ജലം നൽകുകയും ചെയ്തത് ഒരാൾ ഡോക്യുമെൻ്റെറിയിലൂടെ പറഞ്ഞത് ഞാൻ ഓർത്തു. വിശാലമായ പുൽമേടുകളിൽ മേയുന്ന പശുക്കളെ പോലെ അലഞ്ഞു നടന്നിരുന്ന എൻ്റെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് മുന്നിൽ നടന്നു കൊണ്ടിരുന്ന കർമ്മങ്ങളിലേക്ക് ഞാൻ ശ്രദ്ധ തിരിച്ചു.
നേരത്തെ എരിയുകയായിരുന്ന ചിതകളിൽ രണ്ടെണ്ണം ഇവിടുത്തെ ജീവനക്കാർ ഗംഗയിലേക്ക് സമർപ്പിച്ചിരിക്കുകയാണ്. അവിടെ അടുത്ത മൃതദേഹങ്ങൾക്കായുള്ള സ്ഥാനം ഒഴിഞ്ഞിരിക്കുന്നു. എൻ്റെ മകൻ നിന്നിരുന്ന സ്ഥലത്തു നിന്നും അവൻ്റെ അമ്മയ്ക്കരികിലേക്ക് വന്നു, അവളുടെ കണ്ണുകളിൽ നിന്നും പ്രവഹിച്ച നീർത്തുള്ളികളെ അവൻ തടഞ്ഞു നിർത്തി. എൻ്റെ സുഹൃത്തുക്കൾ പരസ്പരം ആർദ്രതയോടെ നോക്കി. നാളെ പുലർച്ചെ ശവഭസ്മവിലേപിതൻ്റെ മാറിൽ ചേരാനുള്ള എൻ്റെ ഊഴം വന്നിരിക്കുന്നു. അഭിലാഷപൂർത്തിയുടെ സംതൃപ്തിയോടെ, ശവമഞ്ചത്തിൽ പൂമാലകളാൽ അലങ്കരിക്കപ്പെട്ടു കിടന്നിരുന്ന എൻ്റെ ഭൗതികശരീരത്തിലേക്ക് ഞാൻ നോക്കി നിന്നു.
Comments
Post a Comment